ചൊവ്വല്ലൂർ ശിവക്ഷേത്രം
തൃശ്ശൂർ ജില്ലയിൽ ക്ഷേത്രനഗരമായ ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ ചൊവ്വല്ലൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ആയിരത്തിയഞ്ഞൂറ് വർഷം പഴക്കമുള്ള ക്ഷേത്രമാണ്. ചൊവ്വല്ലൂർ ശിവക്ഷേത്രം. ലോകപ്രസിദ്ധമായ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനടുത്ത് മൂന്നു കിലോമീറ്റർ ദൂരത്തായിസ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. കേരളത്തിലെ ക്ഷേത്രങ്ങളിൽ അപൂർവ്വമായി കണ്ടുവരുന്ന ശിവകുടുംബസാന്നിദ്ധ്യമാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. പരസ്പരം അനഭിമുഖമായ ശിവഭഗവാനും പാർവ്വതീദേവിയും പ്രധാനപ്രതിഷ്ഠകളായുള്ള ക്ഷേത്രത്തിൽ ഗണപതി, ദക്ഷിണാമൂർത്തി, സുബ്രഹ്മണ്യൻ, പ്രഭാസത്യകസമേതനായ ധർമ്മശാസ്താവ്, ഹനുമാൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ, സപ്തമാതൃക്കൾ, വീരഭദ്രൻ, സിംഹോദരൻ എന്നീ ഉപപ്രതിഷ്ഠകളും സമീപം പ്രത്യേകം ക്ഷേത്രത്തിൽ ശ്രീകൃഷ്ണനുമുണ്ട്. ഈ ക്ഷേത്രത്തിലെ ദമ്പതിപൂജ അതിപ്രസിദ്ധമാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷമാണ് ഈ ചടങ്ങ് നടക്കുന്നത്. മംഗല്യസൗഭാഗ്യത്തിനും ദീർഘമംഗല്യത്തിനുമായി നിരവധി ഭക്തർ ഈ വഴിപാട് നടത്താറുണ്ട്. ധനുമാസത്തിൽ നടക്കുന്ന തിരുവാതിര മഹോത്സവം, കുംഭമാസത്തിലെ മഹാശിവരാത്രി, കന്നിമാസത്തിലെ നവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. ഭക്തജനങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.





